കേരളത്തിലെ പ്രഥമ സ്വകാര്യ മേഖലാ വിമാനത്താവളമാണ് ആറന്മുള വിമാനത്താവളം (Aranmula Airport Ltd.). 2012 ഡിസംബറിലാണ് ഇതിന്റെ നിർമ്മാണം പൂർത്തിയാകുക.പത്തനംതിട്ട ജില്ലയിൽ ശബരിമലയ്ക്കു സമീപം 2000 കോടി മുതൽ മുടക്കിൽ കെ.ജി.എസ് ഗ്രൂപ്പാണ് (കുമരൻ-ജിജി- ഷണ്മുഖം എന്നിവരാണ് ചൈനൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന് ഈ കമ്പനിയുടെ ഉടമസ്ഥർ)[1] വിമാനത്താവളം നിർമ്മിക്കുന്നത് [2]. തുടക്കത്തിൽ 500 കോടിയാണ് നിക്ഷേപം. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് ആറന്മുള.[3]
എയർബസ് എ-300 ഇറക്കുവാൻ പാകത്തിലുള്ളതാണ് ഈ വിമാനത്താവളം രൂപകൽപ്പന ചെയ്യുന്നത്. 1500 പേർക്ക് നേരിട്ടും 6000 പേർക്ക് പരോക്ഷമായും ഈ മേഖലയിൽ തൊഴിൽ ലഭിക്കും. പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ കോട്ടയം എന്നീ ജില്ലകളിലെ പ്രവാസികളെ ലക്ഷ്യമിട്ടാണ് ഇവിടെ വിമാനത്താവളം നിർമ്മിക്കുന്നത്.
ആറന്മുള - കുളനട വഴിയിൽ നാൽകാലിക്കൽ പാലത്തിനടുത്താണ് വിമാനത്താവള നിർമ്മാണം ആരംഭിച്ചത്. 2005 - ലാണ് വിമാനത്താവളത്തിനായി പദ്ധതി രൂപപ്പെടുത്തിയത്. അതിനെ തുടർന്ന് ആറന്മുള ഏവിയേഷൻ ലിമിറ്റഡ് എന്നപേരിൽ കമ്പനി രൂപവൽക്കരിച്ച് പ്രവർത്തനം തുടങ്ങി.